തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10-ന് മ്യൂസിയം പൊലീസ് സ്റ്റേഷനിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
പക്ഷേ രഞ്ജുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി.കേസില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ രഞ്ജുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസില്‍ നാലു പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കേസിലെ രണ്ടു പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറില്‍ നിന്നാണ് പിടികൂടിയത്.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിന്റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.