വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം സംഘടനയെ അപമാനിക്കാന്‍; അബിന്‍ വര്‍ക്കി

തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആരോപണം സംഘടനയെ അപമാനിക്കാനാണ്. എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ സംഘടന അന്വേഷിച്ച് നടപടിയെടുക്കും. ഓപ്പണ്‍ മെമ്പര്‍ഷിപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. സംഘടനയെ മോശപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ അന്വേഷിക്കണം.

ഷാഫിക്കെതിരെ ബിജെപി നടത്തുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്നും അദ്ദേഹം പ്രതികരിച്ചു. ഏഴര ലക്ഷം പേര്‍ പങ്കെടുത്ത വോട്ടെടുപ്പാണ്. സംഘടന മുഴുവന്‍ ബാധ്യതപ്പെട്ടുവെന്ന വിവിധ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും ആരോപണം ശരിയല്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ സംഘടനയുമായി ബന്ധപ്പെട്ടവരാണോയെന്നും വോട്ട് അസാധുവാണോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അന്വേഷിക്കണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായാല്‍ സംഘടനയില്‍ വച്ചുപൊറിപ്പിക്കില്ല. ദേശീയനേതൃത്വത്തിന് പരാതി പോയിയെന്ന് മാധ്യമങ്ങളില്‍നിന്ന് മനസ്സിലാക്കുന്നു. പ്രക്രിയ മോശമാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിലോ, കേന്ദ്രത്തിലോ അന്വേഷിക്കാമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

Top