ന്യൂഡല്‍ഹി: മകള്‍ പറഞ്ഞതു തന്നെ അവസാനം സംഭവിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം പ്രചരിക്കുന്നു. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്ത് മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന്റെ വ്യാജഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കറുത്ത തൊപ്പി വച്ച് ആര്‍.എസ്.എസിന്റെ രീതിയില്‍ കൈ നെഞ്ചിനോടടുപ്പിച്ച് പ്രവര്‍ത്തകരെ അഭിവാദ്യം ചെയുന്ന രീതിയിലാണ് പ്രണബിന്റെ ചിത്രം പ്രചരിക്കുന്നത്. യഥാര്‍ഥത്തില്‍ പരിപാടിയില്‍ പങ്കെടുക്കവെ പ്രണബ് സല്യൂട്ട് ചെയ്യുകയോ മറ്റേതെങ്കിലും രീതിയില്‍ ആര്‍.എസ്.എസ് രീതികള്‍ പിന്തുടരുകയോ ചെയ്തിരുന്നില്ല.
ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം മറക്കുകയും പ്രസംഗിക്കുന്ന പടം നിലനില്‍ക്കുകയും ചെയ്യുമെന്നായിരുന്നു അച്ഛനുള്ള മുന്നറിയിപ്പെന്നോണം ട്വിറ്ററില്‍ അവര്‍ കുറിച്ചിരുന്നത്.
ചിത്രങ്ങള്‍ പുറത്തുവന്നതിനുശേഷം താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു എന്ന് ശര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററിലൂടെ വ്യക്തമാക്കി. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയും ആര്‍.എസ്.എസും കുതന്ത്രങ്ങള്‍ മെനയുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
രാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നും അകന്ന് കഴിയുന്ന അദ്ദേഹം ആര്‍.എസ്.എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കളുടെ പ്രതിഷേധം അവഗണിച്ചാണ് പ്രണബ് മുഖര്‍ജി ചടങ്ങില്‍ പങ്കെടുത്തത്.