തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ ലഹരിക്കേസില്‍ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നതിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി. ഷീല സണ്ണിയുടെ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയും എക്‌സൈസ് കമ്മീഷണറും ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
അന്വേഷണ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലാണ്. യഥാര്‍ത്ഥ സംഭവവും എക്‌സൈസ് മഹസറും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പടെ പിഴവുണ്ടെന്നുമാണ് ഷീല സണ്ണിയുടെ ആക്ഷേപം. ഷീല സണ്ണി ജയിലില്‍ കിടക്കേണ്ടി വന്നത് ഗുരുതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
72 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന സംഭവം തന്റെ അന്തസിനെ ബാധിച്ചു. എക്‌സൈസ് വകുപ്പിന് സംഭവിച്ച പിഴവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേര്‍ത്തത്.