മൂന്നാര്‍: കേസന്വേഷിക്കാനെത്തിയ ഐ.പി.എസ്. ഓഫീസറെന്ന വ്യാജേന ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ താമസിച്ച പോക്‌സോ കേസ് പ്രതിയെ അറസ്റ്റുചെയ്തു. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സത്യാലയം വീട്ടില്‍ ജി.പ്രദീപ് കുമാറാ(41)ണ് പിടിയിലായത്.
ബുധനാഴ്ചയാണ് ഇയാള്‍ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെത്തിയത്. പോക്‌സോ കേസ് അന്വേഷിക്കാനെത്തിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സോണല്‍ എസ്.പി.യെന്ന വ്യാജേന മുറിയെടുത്ത ഇയാള്‍ ഇക്കാര്യം പറഞ്ഞ് മൂന്നാര്‍ ഡിവൈ.എസ്.പിയെയും വിളിച്ചു. സംശയം തോന്നിയ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും തന്ത്രപൂര്‍വം കുടുക്കുകയുമായിരുന്നു. ആള്‍മാറാട്ടത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിച്ചുവരുകയാണ്. ആര്‍ക്കിടെക്ടായ ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ഇയാള്‍ ഇക്കാനഗറിലെ ഐ.ബി.യില്‍ എത്തിയത്. തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ നിന്ന് മുന്‍കൂറായി മുറി ബുക്കു ചെയ്തിരുന്നു. അതിനാല്‍ മൂന്നാറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കി.
വ്യാഴാഴ്ച രാത്രിയില്‍ ഇയാള്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജിനെ ഫോണില്‍ വിളിച്ചു. താന്‍ എസ്.പി.യാണെന്നും എ.ഡി.ജി.പി. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം വിവാദമായ ഒരു പോക്‌സോ കേസിന്റെ അന്വേഷണത്തിനായി എത്തിയതാണെന്നും പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ സഹായവും ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ് ഐ.ബി.യിലെത്തി ഇയാളുമായി സംസാരിച്ചു.
മദ്യലഹരിയിലായിരുന്ന ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയ എസ്.എച്ച്.ഒ. ഇയാളെ നിരീക്ഷിക്കുന്നതിനായി പൊലീസുകാരെ നിയമിച്ചശേഷം മടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലൊരാള്‍ സേനയിലില്ലെന്ന് കണ്ടെത്തുകയും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നേരത്തെ ഇയാള്‍ തേക്കടിയിലെ റിസോര്‍ട്ടിലും താമസിച്ചിരുന്നു.
മൂന്നാര്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. സി.എസ്.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
രണ്ട് വിവാഹം കഴിച്ച ഇയാളുടെ പേരില്‍ ഭാര്യമാരെ മര്‍ദിച്ച കേസുമുണ്ട്. പാലക്കാടാണ് ഇയാള്‍ക്കെതിരേയുള്ള പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2006-2008 കാലഘട്ടത്തില്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ പഴയ മൂന്നാറില്‍ നടത്തിയ അഞ്ചുകോടി രൂപയുടെ വിനോദസഞ്ചാരികള്‍ക്കായുള്ള പുഴ സൗന്ദര്യവത്കരണ പദ്ധതിയുടെ ആര്‍ക്കിടെക്ടായി ഇയാള്‍ ജോലിചെയ്തിരുന്നു.