ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സമൂഹ മാധ്യമങ്ങൾ വഴി പണം തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്റെയും ജി.ലക്ഷ്മണയുടെയും പേരില്‍ വരെ തട്ടിപ്പുകാർ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഐജി പി.വിജയന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐജി പി.വിജയന്റെയടക്കം ഡിജിപി, ഐജി ,ഡിവൈഎസ്പി തുടങ്ങിയ പൊലീസ് മേധാവികളുടെ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. പി.വിജയന് ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. എന്നാൽ ഇതേ പേരില്‍ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്. തന്റെ പേരില്‍ ആരോ വ്യാജ ഐഡി ഉണ്ടാക്കിയിരിക്കുകയാണെന്നും ആ ഐഡിയില്‍നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നും ഐജി പി.വിജയന് പറഞ്ഞു. മാത്രമല്ല താൻ പൊതുവേ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍.
അതേസമയം ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരിൽ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് തട്ടിപ്പുകാർ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിർമ്മിച്ചത്. എന്നാൽ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.