സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്നു വെച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

Kerala School Kalolsavam 2018

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും ഡയറക്ടര്‍ പറഞ്ഞു.

പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വര്‍ഷം’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്‌കരിച്ചു വരുന്നത്. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകും. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം.

ഈ മാസം ഏഴിന് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യുഐപി മോണിറ്ററിങ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് അന്തിമ തീരുമാനമെടുക്കും. അതുവരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു.

Top