തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഇടങ്ങളില്‍ വീടുകള്‍ അണുവിമുക്തമാക്കാന്‍ എന്ന പേരില്‍ ചിലര്‍ ലോറിയില്‍ വെള്ളവുമായി നടക്കുന്നു. വീടിന്റെ മതിലുകളിലും ഗേറ്റിലുമായി ഈ ലായനി തളിക്കുന്നു. തളിക്കുന്ന ലാനനി അണുവിമുക്തമാണോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ വ്യക്തതയോടെ ചെയ്യുന്നതാണ് നല്ലതെന്നും ബാനറും കൊടിയും നിറവും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കുന്നതാണ് ഉത്തമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധിതര്‍ കഴിക്കേണ്ട മരുന്നുകളുടെ ലിസ്റ്റ് എന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി വ്യാജവാര്‍ത്തകളും വ്യാജ ആപ്പുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ക്കോട്ടെ കര്‍ണാടക അതിര്‍ത്തി തുറന്നതായും ഇന്നലെ ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ആളുകള്‍ അവിടെ തടിച്ചു കൂടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്ത പ്രചാരണം തടയാന്‍ ശക്തമായി പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്ഷണ വിതരണത്തിന് മത്സരിക്കുന്നത് ഒഴിവാക്കണം. ഒരോ സ്ഥലത്തും ഒരോ സന്നദ്ധ സംഘടനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.