കണ്ണൂര്‍: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മഹാരാജാസ് കോളജില്‍നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റു കടന്നുകൂടിയിരിക്കുന്നു എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ”സര്‍ട്ടിഫിക്കറ്റ് തയാറാക്കിയവരുണ്ട്, അതു പരിശോധിച്ചവരുണ്ട്, മേല്‍നോട്ടം വഹിച്ചവരുണ്ട്. മാര്‍ക്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിച്ചവരുടെ കുറ്റത്തെ പുറത്തുകൊണ്ടുവരേണ്ടതിനു പകരം ആ മാര്‍ക്ക് ലിസ്റ്റ് ആര്‍ഷോ വ്യാജമായി സൃഷ്ടിച്ചതാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തയാണു മാധ്യമങ്ങള്‍ കൊടുത്തത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണ്. അല്ലാതെ എസ്എഫ്‌ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്നും ജയരാജന്‍ പറഞ്ഞു.
മാര്‍ക്കിന്റെ കള്ളിയില്‍ പൂജ്യവും ജയിച്ചതോ തോറ്റതോ എന്ന കള്ളിയില്‍ പാസ്ഡ് എന്നുമാണു രേഖപ്പെടുത്തിയത്. ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് ആരാണോ അവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ വാര്‍ത്ത വരേണ്ടിയിരുന്നത് അത്തരത്തിലായിരുന്നുവെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.