നടി ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജവാര്‍ത്ത; താരം ജനീവയില്‍ ടൂറില്‍

ചെന്നൈ: മുന്‍ എംപി ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പ്രചാരണം. വാര്‍ത്താ ചാനലുകളും വ്യക്തികളും വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നു. ദിവ്യ സ്പന്ദന നിലവില്‍ ജെനീവയില്‍ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല കുടുംബവും സുഹൃത്തുക്കളും അറിയിച്ചു.

രണ്ട് ദിവസത്തിന് ശേഷം അവര്‍ ബംഗളുരുവില്‍ എത്തുമെന്നും നടി കൂടിയായ ദിവ്യ സ്പന്ദനയുടെ കുടുംബം വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു. നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകള്‍ക്ക് മുന്‍പാണ്. അത് ചിലര്‍ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം. 2013ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്പന്ദന എന്ന രമ്യ ലോക്‌സസഭയിലേക്ക് എത്തിയത്. പക്ഷേ തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ താരം പരാജയപ്പെടുകയും ചെയ്തു.

‘അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു രമ്യ എന്നും അറിയപ്പെടുന്ന ദിവ്യ സ്പന്ദന ആദ്യമായി നായികയായത്. തുടര്‍ന്ന് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ ദിവ്യാ സ്പന്ദന തിളങ്ങി. അതിഥി വേഷങ്ങളിലും ദിവ്യ എത്തിയിട്ടുണ്ട്. ദിവ്യക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യ സ്പന്ദനയെ തേടിയെത്തി. ദിവ്യ നിലവില്‍ സിനിമയില്‍ സജീവമല്ല.

Top