കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം ; പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്

sidaramaih

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിന് പിന്നില്‍ ബി ജെ പി യെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിന്റെ 132 സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ വാട്‌സ്ആപ്പിലൂടേയും, ഫെയ്‌സ്ബുക്കിലൂടെയും വ്യാപകമായ പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതില്‍ വിശ്വസിക്കരുതെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും നേതൃത്വം പറഞ്ഞു.

സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് എ.ഐ.സി.സിക്ക് സമര്‍പ്പിച്ചിട്ടേയുള്ളൂവെന്നും അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സിദ്ദരാമയ്യ ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം നടപടിയെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

വ്യാജ പ്രചാരണത്തിന് പിന്നില്‍ ബി.ജെ.പി ഐ.ടി സെല്‍ ആണെന്ന ആരോപണവുമായി എ.ഐ.സി.സി സെക്രട്ടറി ഇന്‍ചാര്‍ജും മുന്‍ എം.പിയുമായ മധു യാഷ്‌കിയും രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി പ്രഗല്‍ഭന്‍മാരായെന്നും ഇത് ജനങ്ങളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണെന്നും മധു യാഷ്‌കി ചൂണ്ടിക്കാട്ടി.

Top