വ്യാജ പ്രചരണം; മാമാങ്കം മുൻ സംവിധായകനെ ചോദ്യം ചെയ്യാൻ പൊലീസ്

കൊച്ചി : മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വാഴാഴ്ച പാലോട് സി.ഐക്ക് മുന്നില്‍ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വകാര്യ ഡിജിറ്റില്‍ കമ്പനികളെ ഉപയോഗപ്പെടുത്തി മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയ വഴി സജീവ് പിള്ള പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളായ കാവ്യ ഫിലിംസാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കിയിരുന്നത്.

ഈ പരാതിയില്‍ ഏഴു പേര്‍ക്കെതിരെ വിതുര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിതുര സി.ഐ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് അന്വേഷണം പാലോട് സി.ഐക്ക് കൈമാറിയിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് അക്കൗണ്ടിലെ വിശദാംശം ഫെയ്‌സ് ബുക്ക് അധികൃതരുടെ സഹായത്തോടെ തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസിലെ സൈബര്‍ വിഭാഗമാണ് പരിശോധിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന മാമാങ്കം സിനിമക്കെതിരെ ഉണ്ടായോ എന്നാണ് പ്രധാനമായും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നത്. സജീവ് പിള്ളയെ ചോദ്യം ചയ്യുന്നതോടെ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഒരേ കേന്ദ്രത്തില്‍ നിന്നാണ് വ്യാജ പ്രചരണം നടക്കുന്നതെങ്കില്‍ അതൊരു സംഘടിത കുറ്റകൃത്യം തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മാമാങ്കത്തിനെതിരായ വ്യാജ പ്രചരണത്തില്‍ ഏഴോളം ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഐ.പി.സി 500, സൈബര്‍ ആക്ടിലെ 66 ഉ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസിപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞാല്‍ 120 ആ ചേര്‍ക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചണത്തില്‍ പൊലിസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ചില അക്കൗണ്ടുകള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷം നിര്‍ജീവമായിട്ടുണ്ട്. എങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിയുമെന്നാണ് തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് പറയുന്നത്. സിനിമ രംഗത്തെ കുടിപ്പകകള്‍ മൂലം ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ മുന്‍പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നെ കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നില്ല.

എന്നാല്‍ 55 കോടി മുടക്കിയ മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായതിനാലാണ് ഇപ്പോള്‍ അന്വേഷണത്തിനും ചൂട് പിടിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ അഭിമാന ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ ആരാധകരും വ്യാജ പ്രചരണത്തില്‍ പ്രകോപിതരാണ്. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി പൊലീസിന് വിവരം നല്‍കാന്‍ മമ്മുട്ടി ആരാധകരും ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ലോക വ്യാപകമായി രണ്ടായിരത്തോളം തീയറ്ററുകളില്‍ മാമാങ്കം റിലീസ് ചെയ്യുന്നത്. ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മുട്ടിയുടെ കരിയറിലെ പ്രധാന സിനിമയാണിത്.

പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ഇതില്‍ മമ്മുട്ടിക്കൊപ്പം അസാധ്യമായ പ്രകടനമാണ് 13 വയസ്സുകാരനായ ഒരു ബാലന്‍ കാഴ്ചവച്ചിരിക്കുന്നത്.ചാവേര്‍ ചന്തുണ്ണി എന്ന ഇതിഹാസ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അച്യുതനാണ്.

16, 17 നൂറ്റാണ്ടുകളില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായയിലാണ് മാമാങ്ക മഹോത്സവം നടന്നിരുന്നത്. ഇതിന്റെ നേതൃപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു.

ഇതാടെയാണ് വൈദേശികര്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷിതമായിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകള്‍ നടത്തിയിരുന്നത്.

സാമൂതിരിയുടെ കൊട്ടാരത്തിലെത്താന്‍ പോലും പല ചാവേറുകള്‍ക്കും സാധിച്ചെങ്കിലും സാമൂതിരിയെ കീഴ്പ്പെടുത്തുക അസാധ്യമായിരുന്നു. ചോരയിലെഴുതിയ ഈ പകയുടെ കഥയാണ് മാമാങ്കത്തിലൂടെ എം.പത്മകുമാര്‍ പറയുന്നത്. കാവ്യ ഫിലിം കമ്പനിക്കു വേണ്ടി വേണു കുന്നപ്പിള്ളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top