കൊയിലാണ്ടി: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി ഡ്രീംസ് ഹൗസില്‍ വിജിത്താണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തതായി പോലീസ് പറഞ്ഞു. കീഴരിയൂര്‍ സ്വദേശി പുളിയത്തിങ്കല്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് നടപടി. കപ്പലിലെ ജോലിക്ക് ഓസ്‌ട്രേലിയയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് മകന്റെ സുഹൃത്ത് പറഞ്ഞതുപ്രകാരം വിജിത്തിന്റെ അടുത്ത് എത്തുകയായിരുന്നു.
രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഷിപ്പിംഗ് കമ്പനിയെക്കുറിച്ച് ഇയാള്‍ പറഞ്ഞില്ല. മാത്രമല്ല നിരവധി മോഹനവാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. സംശയം തോന്നിയ സുരേന്ദ്രന്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചു. പരിശോധനയില്‍ ഷിപ്പിംഗ് കമ്പനി ഏജന്റുമാരെ നിയമിക്കാറില്ലെന്നും നേരിട്ടു നിയമനം നടത്തുന്നതാണ് രീതിയെന്നും വ്യക്തമായി. ഇതിനിടെ ജോലിക്കുള്ള ആദ്യഘട്ട ഇന്റര്‍വ്യൂ 20ന് ബംഗളൂരുവില്‍ നടക്കുമെന്നും ഇതിനായി ഇരുപത്തയ്യായിരം രൂപ നല്‍കണമെന്നും പറഞ്ഞു.
കര്‍ണാടകയിലെ ബൊമ്മനഹള്ളിയിലാണ് ഇന്റര്‍വ്യൂ എന്നാണ് തട്ടിപ്പുകാരന്‍ പറഞ്ഞത്. തുടര്‍ന്ന് സുരേന്ദ്രന്‍ എസ്പിക്കു പരാതി നല്‍കുകയും എസ്പിയുടെ നിര്‍ദേശപ്രകാരം ഷാഡോപോലീസ് സംഘമെത്തുകയുമായിരുന്നു. രണ്ടുപേര്‍ക്ക് ജോലി വേണമെന്ന വ്യാജേന എത്തിയ പോലീസ് സംഘത്തോടു അമ്പതിനായിരം രൂപയാണ് അവശ്യപ്പെട്ടത്.
പണം കൈമാറുന്നതിനിടെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം കൈമാറുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അമ്പതോളം പേരെ കയറ്റി അയയ്ക്കാനായിരുന്നു ഇയാള്‍ ഉദ്ദേശിച്ചിരുന്നത്. പ്രതിയെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്തുവരികയാണ്.