കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന് ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമില്‍ അക്കൗണ്ട് നിര്‍മ്മിച്ച ശേഷം അതില്‍ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 11ന് സൈബര്‍ ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മന്‍രാജിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ലിങ്ക് നിര്‍മിച്ചത്. ഈ ലിങ്ക് വാട്സ്ആപ്പിലൂടെ നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്.
വ്യാജ അക്കൗണ്ട് നിര്‍മിക്കാന്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഐടി വകുപ്പ് 66 സി പ്രകാരം മൂന്നാം തീയതിയാണ് മന്‍രാജിനെതിരെ കേസെടുത്തത്. 2022 ആഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിയാള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.