ഫേക്ക് സ്‌പൈ മാല്‍വെയര്‍ തിരിച്ചു വരുന്നു; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ സൂക്ഷിക്കുക

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷം മുന്‍പ് കണ്ടെത്തിയ ഫേക്ക് സ്‌പൈ എന്ന മാല്‍വെയര്‍ തിരിച്ചുവരുന്നു എന്ന് സൂചന. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെയാണ് പ്രധാനമായും ഈ മാല്‍വെയര്‍ ലക്ഷ്യം വയ്ക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍ബേസായ ഇന്ത്യയില്‍ ഈ മാല്‍വെയര്‍ ചിലപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചേക്കും എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഈ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. എസ്എംഎസ് വഴി ഫോണില്‍ എത്തുന്ന ഈ ഫേക്ക് സ്‌പൈ മാല്‍വെയര്‍. ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നതാണ്.

ടെക്സ്റ്റ് സന്ദേശങ്ങള്‍, സാമ്പത്തിക ഇടപാട് വിവരങ്ങള്‍, ആപ്ലിക്കേഷന്‍ വിവരങ്ങള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ എല്ലാം ഈ മാല്‍വെയറാല്‍ അപകടത്തിലാണ്. പോസ്റ്റ് ഓഫീസില്‍ നിന്നും കൊറിയര്‍ സര്‍വീസില്‍ നിന്നും ഉള്ള സന്ദേശം എന്ന രീതിയില്‍ എസ്എംഎസുകള്‍ വരുകയും. നിങ്ങളുടെ കൊറിയര്‍ സ്വീകരിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതുമാണ് സന്ദേശം. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ പ്രവേശിക്കും. ഇത്തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തന രീതി.

Top