Fake vote controversy in Dharmadam

vote

കണ്ണൂര്‍: സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ടു നടന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന തെളിവുകളുമായി യു.ഡി.എഫ്.രംഗത്ത്.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങളുമായാണു തിരഞ്ഞെടുപ്പ് കമ്മിഷനു യു.ഡി.എഫ്. പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ വരണാധികാരി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയ തത്സമയ വെബ് കാസ്റ്റിങിലെ ദൃശ്യങ്ങള്‍ തന്നെ തെളിവായി നല്‍കിയിട്ടുണ്ട്. 122, 124, 125, 132, 133 എന്നീ ബൂത്തികളില്‍ ആളുമാറി വോട്ടു ചെയ്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. അഞ്ച് ബൂത്തുകളിലായി 21 കള്ളവോട്ടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഈ ദൃശ്യങ്ങളിലുണ്ടെന്ന് പരാതി സമര്‍പ്പിച്ച അഡ്വ. ടിപി ഹരീന്ദ്രന്‍ പറഞ്ഞു.

വാര്‍ഡ് മെംബര്‍ ഉള്‍പ്പെടുയുള്ളവര്‍ കള്ള വോട്ടു ചെയ്തതായി തെളിവുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. 133ാം ബൂത്തില്‍ വോട്ടുള്ള പിണറായി പഞ്ചായത്ത് 18ാം വാര്‍ഡ് അംഗം എം നവ്യ 132ലും വോട്ടു ചെയ്തിട്ടുണ്ട്.

രണ്ടു വോട്ടും ചെയ്യുന്ന ദൃശ്യം തെളിവായി നല്‍കിയ സിഡിയിലുണ്ട്. 124ാം ബൂത്തില്‍വോട്ടുള്ള കെ. നിജീഷ് അതിനു പുറമേ 125ലും വോട്ടു ചെയ്തതായി വീഡിയോവിലുണ്ട്. ഇത്തരത്തില്‍ 21 പേര്‍ രണ്ടു വീതം വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടികയും ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

ഇത് ആദ്യ ഘട്ടം മാത്രമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം കൂടുതല്‍ പേരുടെ തെളിവുകള്‍ നല്‍കുമെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.

അതേസമയം ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതോടെ വിജയത്തിന്റെ മാറ്റു കുറയ്ക്കാനുള്ള ദുഷ്പ്രചരണമാണ് ഇതെന്ന് സിപിഎം ആരോപിച്ചു.

Top