മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ഹൈക്കോടതിയില്‍ കേന്ദ്രം

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി കേന്ദ്രം. അസിസ്റ്റന്റ് സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 20 പേര്‍ കള്ളവോട്ട് ചെയ്തതായി സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ വോട്ടിംഗില്‍ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വഴിത്തിരിവായി.

വിദേശത്തുള്ള 20 പേരുടെ പേരില്‍ കള്ളവോട്ട് നടന്നതായാണ് പറയുന്നത്. 26 പേരുടെ യാത്രാ രേഖകള്‍ പരിശോധിച്ചതില്‍ 20 പേരും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിദേശത്തായിരുന്നു. നൂറോളം പേരുടെ യാത്രാ രേഖകള്‍ പരിശോധിച്ചുവരികയാണ്.

സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി ചിലതെളിവുകള്‍ കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

259 പേരുടെ പേരില്‍ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഈ ആരോപണം തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് എംഎല്‍എ അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Top