പരമ ചെറ്റത്തരം എന്ന് വിളിക്കേണ്ടി വന്നാല്‍ അത് മന്ത്രി ജി.സുധാകരന്റെ നടപടിയെയാണ് വിശേഷിപ്പിക്കേണ്ടത്. ഒപ്പം റവന്യൂ വകുപ്പിനെയും സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വത്തെയും അങ്ങനെ തന്നെ വിശേഷിപ്പിക്കണം. കാരണം അത്രക്കും മനുഷത്വരഹിതമായ പ്രവര്‍ത്തനമാണ് ഇവരെല്ലാം നടത്തിയിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസ ക്യാംപിലേക്കുള്ള അരി വാങ്ങുന്നതിന് ഓട്ടോക്ക് പോകാന്‍ 75 രൂപ വാങ്ങിയതിനാണ് ഒരു പാവത്തെ എല്ലാവരും ക്രൂശിച്ചിരിക്കുന്നത്. പ്രളയബാധിതരില്‍ നിന്നും പണം പിരിച്ചു എന്ന് പറഞ്ഞ് ഓമനക്കുട്ടന്‍ എന്ന സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ കേസെടുക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയുമുണ്ടായി.
75 രൂപ പോലും കയ്യില്‍ എടുക്കാന്‍ ഇല്ലാത്ത ദാരിദ്ര അവസ്ഥയിലേക്ക് ഓമനക്കുട്ടന് പോകേണ്ടി വന്നത് തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച പണി ചെയ്തതിനാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സ്വന്തം കുടുംബത്തെ പോലും മറന്നിറങ്ങിയ ഈ പാവം കമ്യൂണിസ്റ്റിനോട് ഈ ചെയ്തത് മഹാപാപമാണ്.
പൊലീസ് കേസെടുത്തതിനേക്കാള്‍ ഓമനക്കുട്ടന്റെ മനസ്സ് നൊന്തത് വിശ്വസിച്ച പാര്‍ട്ടി കൈവിട്ടപ്പോഴായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച ചിലരുടെ പ്രചരണം കണ്ട് ‘കാള പെറ്റെന്ന് കേട്ട മാത്രയില്‍ കയറെടുത്തത്’ മന്ത്രി ജി.സുധാകരനാണ്. ദുരിതാശ്വാസ ക്യാംപില്‍ ചെന്ന് ഷോ കാണിച്ചതും നടപടി എടുപ്പിച്ചതും ഈ മന്ത്രിയാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന് പോലും ഇനി ഈ മന്ത്രിയെ വിളിക്കാന്‍ കഴിയുകയില്ല.
സുധാകരന്റെ വാക്ക് കേട്ട് ഓമനക്കുട്ടനെ സസ്പെന്റ് ചെയ്ത സി.പി.എം നേതൃത്വത്തിനും ഗുരുതര വീഴ്ചയാണ് പറ്റിയിരിക്കുന്നത്. സുധാകരനല്ല സി.പി.എം എന്ന് നിങ്ങളും ഓര്‍ക്കണമായിരുന്നു. ആരോപണം ഉയര്‍ന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കി വേണമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ഇവിടെ അതുണ്ടായില്ല. ഓമനക്കുട്ടനെതിരെ പരാതി നല്‍കാന്‍ ഏത് മന്ത്രി പറഞ്ഞാലും .വസ്തുത റവന്യൂ വകുപ്പും മനസ്സിലാക്കണമായിരുന്നു.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യം വ്യക്തമായതോടെ തെറ്റ് ഏറ്റ് പറഞ്ഞ് റവന്യൂ സെക്രട്ടറി തന്നെ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. ഇനി സി പി.എമ്മാണ് ഉടന്‍ തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത്. ഓമനക്കുട്ടനെതിരായ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ മാത്രമായി പ്രായശ്ചിത്തം ഒതുക്കരുത്. നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ മന്ത്രി ജി.സുധാകരനെതിരെ യഥാര്‍ത്ഥത്തില്‍ നടപടി സ്വീകരിച്ചേ പറ്റൂ. ആരെങ്കിലും എന്തെങ്കിലും ഫെയ്സ്ബുക്ക് പോസ്റ്റിട്ടാലും അവ മധ്യമങ്ങള്‍ വാര്‍ത്തയാക്കിയാലും അതിന് പിന്നാലെ പോകുന്നത് ഒരു നല്ല കമ്യൂണിസ്റ്റിന്റെ രീതിയല്ല.
സര്‍ക്കാരിനെയും സി.പി.എമ്മിനെയും മോശക്കാരനാക്കാന്‍ മന:പൂര്‍വ്വം ഒരു വിഭാഗം ഇറങ്ങി തിരിക്കുമ്പോള്‍ അതിന് ഏത് മന്ത്രി ഓശാന പാടിയാലും അത് ഗൗരവമായി തന്നെ കാണണം. സുധാകരനെ ശാസിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകണം. അതോടൊപ്പം വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. സ്വന്തം കുടുംബത്തിലെ കഷ്ടതകള്‍ പോലും മറന്ന് ദുരന്തബാധിതരെ സഹായിക്കാന്‍ ഓമനക്കുട്ടനെ പോലെ നിരവധി സി.പി.എം പ്രവര്‍ത്തകരാണ് ഇപ്പോള്‍ രംഗത്തുള്ളത്. പാര്‍ട്ടി എന്നു പറഞ്ഞാല്‍ തന്നെ അവരെ സംബന്ധിച്ച് ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. ഇത്തരം പ്രവര്‍ത്തകരെ ആകെ അപമാനിക്കുന്ന നടപടിയാണ് ആലപ്പുഴയില്‍ നിന്നുണ്ടായിരിക്കുന്നത്. മഹാപാപം എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്.
ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായ ഓമനക്കുട്ടന്‍ ഒരു നിമിഷം കൊണ്ടാണ് സമൂഹത്തിന് മുന്നിലും പാര്‍ട്ടിക്ക് മുന്നിലും നിയമത്തിന് മുന്‍പിലും കള്ളനായി മാറിയത്. അങ്ങനെ അദ്ദേഹത്തെ മാറ്റിയവരാണ് ഇനി അനുഭവിക്കേണ്ടത്.അതിനായാണ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് സമ്മര്‍ദ്ദം ചെലുത്തേണ്ടത്. സമൂഹമാധ്യമങ്ങളില്‍ ഓമനക്കുട്ടന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളിയും ഇപ്പോള്‍ ശക്തമായി കഴിഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റും റവന്യൂ സെക്രട്ടറിയുടെ കുറ്റസമ്മതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓമനക്കുട്ടന്‍ ചെയ്ത കുറ്റം അയാള്‍ കൂടി അഭയാര്‍ത്ഥിയായ ദുരിതാശ്വാസ ക്യാമ്പില്‍ അരിയെത്തിക്കാന്‍ പിരിവ് നടത്തി എന്നതാണെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹര്‍ഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഓമനക്കുട്ടന്‍ ക്യാമ്പില്‍ പിരിവുനടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ചാനലുകള്‍ വാര്‍ത്തയാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിപിഎം പ്രാദേശിക നേതാവ് അഭയാര്‍ത്ഥി ക്യാമ്പില്‍ പിരിവ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്’ എന്നതായിരുന്നു വാര്‍ത്ത.വാര്‍ത്ത ബ്രേക്കിങ്ങായും ഹെഡ്‌ലൈനായുമൊക്കെത്തന്നെ പോയി. വാര്‍ത്ത കത്തി പടര്‍ന്നു ,മന്ത്രി ജിസുധാകരന്‍ കണ്ണികാട് ക്യാമ്പില്‍ നേരിട്ടെത്തി ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞതോടെയാണ് പോലീസ് കേസെടുത്തതെന്നും ഹര്‍ഷന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യംപിലേയ്ക്ക് അരിയെത്തിക്കേണ്ടത് ചേര്‍ത്തല സൗത്ത് വില്ലേജ് ഓഫീസ് അധികൃതരാണ്.പക്ഷേ അതുണ്ടാവാറില്ല. ക്യാമ്പില്‍ അരി തീരുമ്പോള്‍ അഭയാര്‍ത്ഥികള്‍ വില്ലേജോഫീസിലെത്തും.വില്ലേജോഫീസര്‍ സ്ലിപ്പ് കൊടുക്കും അതുകൊടുത്ത് അരിവാങ്ങി അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിലെത്തിക്കും. ഇതാണ് ഇവിടുത്തെ രീതി. ഇത്തവണയും അരി തീര്‍ന്നപ്പോള്‍ ക്യാംമ്പ് അംഗമായ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു.പക്ഷേ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ എഴുപത്തഞ്ചുരൂപാ പലരില്‍നിന്നായി വാങ്ങുന്നതുകണ്ട ഏതോ ദുഷ്ടബുദ്ധിയാണ് ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നത്.
ചോര മണത്ത ചാനലുകള്‍ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടനെ കുടുക്കുയായിരുന്നുവെന്നും ഈ മാധ്യമ പ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു. കള്ളനെന്ന മാധ്യമങ്ങളുടെ വിളിയും സ്വന്തം പാര്‍ട്ടിയെടുത്ത നടപടിയും പോലീസെടുത്ത കേസുണ്ടാക്കിയ സങ്കടവും മറികടക്കാന്‍ പിന്നെയും പിന്നെയും ആ കമ്മ്യൂണിസ്റ്റ് ബീഡി വലിച്ചുതള്ളുകയായിരുന്നു. കണ്ണികാട്ടെ ക്യാമ്പില്‍ ജി സുധാകരനെത്തിയപ്പോള്‍ കണ്‍വെട്ടത്തുപെടാതെ ക്യാമ്പിനു പിന്നില്‍ ഒളിച്ചുനില്‍ക്കേണ്ടി വന്ന ഓമനക്കുട്ടന്റെ നിസ്സഹായവസ്ഥയും ഹര്‍ഷന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആത്മനിന്ദയാല്‍ നീറുന്നതുകൊണ്ടും വലിയൊരു വാര്‍ത്തയായിരുന്നു ‘അത്’ എന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടുമാണ് താന്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്നാണ് ഹര്‍ഷന്‍ പറയുന്നത്. ഓമനക്കുട്ടന്‍ കള്ളനല്ലെന്നുംഅന്തസ്സുള്ളപൊതുപ്രവര്‍ത്തകനാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഓമനക്കുട്ടന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണെന്നാണ് റവന്യൂ സെക്ട്രട്ടറി വേണു വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. അത്യധികം ആവശ്യമുള്ള സാഹചര്യത്തില്‍ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.
ഓമനക്കുട്ടന് ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നതായും, ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തില്‍ വകുപ്പ് എടുക്കുന്നതെന്നും അതു തന്നെയാണു മനുഷ്യത്വപരമായ നീതിയെന്നും റവന്യു സെക്രട്ടറി വ്യക്തമാക്കുന്നു. ഇതേതുടര്‍ന്നാണ് ഓമനക്കുട്ടനെതിരായ പരാതി പിന്‍വിലക്കാന്‍ ജില്ലാ കളക്ടര്‍ തന്നെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റവന്യൂ വകുപ്പ് തിരികെ നല്‍കിയ ഈ നീതി ഓമനക്കുട്ടന് സിപിഎമ്മും നല്‍കണം. അത് അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ മാത്രമായി ഒതുക്കരുത്. എല്ലാറ്റിനും വഴിമരുന്നിട്ട മന്ത്രി ജി. സുധാകരനെതിരെ നടപടി സ്വീകരിച്ചാണ് സിപിഎം ഇനി മാതൃക കാണിക്കേണ്ടത്.