മുംബൈ : വരുന്ന സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലെ ആറ് ദിവസം ബാങ്കുകള്‍ തുറക്കില്ലെന്നത് വ്യാജപ്രചരണം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്റ് അശ്വനി റാണ അറിയിച്ചു.
സെപ്റ്റംബര്‍ രണ്ട് – ഞായറാഴ്ച, മൂന്ന് – ജന്മാഷ്ടമി, നാല്, അഞ്ച് – പെന്‍ഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരം, എട്ട്, ഒന്‍പത് – ബാങ്ക് അവധി എന്നിവ കാരണം എടിഎമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്നും ആവശ്യമായ പണം കയ്യില്‍ കരുതണമെന്നുമായിരുന്നു സന്ദേശം.
വാട്‌സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് ബാങ്കുകള്‍ തുറക്കില്ലെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് കൂട്ടഅവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ലെന്നും റാണ വ്യക്തമാക്കി.
എന്നാല്‍ സെപ്റ്റംബര്‍ നാലിന് ജന്മാഷ്ടമി ദിനത്തില്‍ ഉത്തരേന്ത്യയിലെ ചില ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ജന്മാഷ്ടമി കേരളത്തില്‍ അവധിയില്ല. ഓണ്‍ലൈന്‍ ബാങ്കിങ്, എടിഎം സര്‍വീസുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തടസ്സപ്പെടില്ലെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.