മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അദേഹത്തിന്റെ കുടുംബം തന്നെയാണ് വില്ലൻമാരായി മാറിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ ശരിയല്ലന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തു വന്നിട്ടുണ്ടെങ്കിലും പൊതു സമൂഹത്തിൽ ഉയർന്ന ആശങ്കകൾ ഇപ്പോഴും തുടരുക തന്നെയാണ് ചെയ്യുന്നത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന സഹോദരൻ അലക്സ് വി ചാണ്ടിയുടെ പരാതി കോൺഗ്രസ്സിനെ കൂടി പ്രതിരോധത്തിൽ ആക്കുന്നതാണ്.
ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധമായി സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും സർക്കാറിന് റിപ്പോർട്ട് നൽകിയതായാണ് ലഭിക്കുന്ന സൂചന. മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ നേരിട്ട് ഇടപെടുമെന്ന ഘട്ടമെത്തിയതോടെയാണ് ഉടൻ തന്നെ അദ്ദേഹത്തെ കുടുംബം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ഉൾപ്പെടെ കരുതുന്നത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് താൻ പരാതി നൽകിയ ശേഷം അതു പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്ന കാര്യവും അലക്സ് വി ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിഗമനത്തിൽ ഉമ്മൻ ചാണ്ടിക്ക് മികച്ച ചികിത്സ കിട്ടണമെന്ന താൽപ്പര്യമുള്ളത് അദ്ദേഹത്തിന്റെ ഇളയ മകൾ അച്ചു ഉമ്മനുമാത്രമാണ്. എന്തു കൊണ്ടാണ് കോൺഗ്രസ്സിന്റെ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതെന്നതിന് കോൺഗ്രസ്സ് നേതൃത്വമാണ് മറുപടി പറയേണ്ടത്. പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ അതിന് കോൺഗ്രസ്സും വലിയ വില നൽകേണ്ടി വരും.
എന്റെ അപ്പായെ ഞാൻ കൊല്ലാൻ ശ്രമിക്കുമോ? എന്ന് ചാണ്ടി ഉമ്മന് ചോദിക്കേണ്ടി വരുന്നത് തന്നെ വല്ലാത്തൊരു ഗതികേടാണ്. ദൈവ തുല്യരായിട്ടാണ് താൻ അപ്പായേയും അമ്മയേയും കാണുന്നതെന്നും ഏഴെട്ടു വർഷമായി അപ്പായുടെ ആരോഗ്യം സംരക്ഷിക്കാൻ ഞാൻ പെടാപ്പാട് പെടുകയാണെന്നുമാണ് മകന്റെ വാദം.തന്റെ അപ്പായുടെ ജീവൻ വച്ച് വില പേശരുതെന്ന അഭ്യർത്ഥനയും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്.
ജർമ്മനിയിലെ സർജറിക്ക് ശേഷം തുടർ റിവ്യൂവാണ് ബംഗ്ളൂരിലാണ് നടത്തി വരുന്നതെന്നും കഴിഞ്ഞ ഡിസംബറിൽ റിവ്യു നടത്തിയപ്പോൾ നല്ല കുറവുണ്ടായിരുന്നു എങ്കിലും അടുത്ത റിവ്യുവിൽ അഞ്ചു ശതമാനം കൂടിയതായാണ് കാണപ്പെട്ടിരുന്നതെന്നും ചാണ്ടി ഉമ്മൻ പറയുന്നു. തുടർന്ന് ബംഗ്ളൂരുവിലെ ഡോക്ടറുമായി ആലോചിച്ച് രണ്ടാഴ്ച മരുന്ന് കഴിച്ചിട്ട് നോക്കാമെന്ന് കൂട്ടായ തീരുമാനമാണ് എടുത്തിരുന്നതെന്നാണ് അവകാശപ്പെടുന്നത്. ഫെബ്രുവരി ആറാം തീയതി പോകാനിരുന്ന യാത്ര അപ്പായ്ക്ക് അല്പം റസ്റ്റ് വേണമെന്നതിനാലാണ് മാറ്റിയതെന്നും ഇതിനു ശേഷമാണ് തൽക്കാലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതു കൊണ്ടു മാത്രമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ പറയുന്നത്. ഇവിടെ പൊതു സമൂഹത്തിനു മുന്നിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. അതിൽ പ്രധാനം ചാണ്ടി ഉമ്മൻ ഉൾപ്പെടെ പറയുന്ന കാര്യങ്ങൾ എന്തു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരനു പോലും ബോധ്യപ്പെടാത്തത് എന്നതാണ്. അതു കൊണ്ടു തന്നെയാണ് ചില സംശയങ്ങൾ അന്തരീക്ഷത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത്. തൊണ്ടയിടറി കൊണ്ട് ഉമ്മാൻ ചാണ്ടി മകന്റെ ഫോണിലൂടെ നടത്തിയ മറുപടി കൊണ്ടൊന്നും തീരുന്ന സംശയമല്ലത്.
“കീമോയുടെ ഭാഗമായിട്ടുള്ള ആറു ഗുളികകൾ” ഇന്നും ഉമ്മൻ ചാണ്ടി കഴിക്കുന്നുണ്ട് എന്ന് ചാണ്ടി ഉമ്മൻ പറയുന്നത് ശരിയെങ്കിൽ നല്ല കാര്യം തന്നെയാണ്. ഒരിക്കലും ആധുനിക വൈദ്യശാസ്ത്രത്തിന് പകരമല്ല ആത്മീയ വൈദ്യശാസ്ത്രമെന്നതും ഒരു യാഥാർത്ഥ്യമാണ്. ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം മരുന്നൊന്നും നൽകാതെ പ്രാർത്ഥിക്കുകയാണെന്നത് തുടക്കത്തിൽ വെറും പ്രചരണം മാത്രമായി കണ്ടവർപോലും ഗൗരവമായി ഈ വിഷയത്തെ സമീപിച്ചത്. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ പരസ്യമായി രംഗത്തു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺഗ്രസ്സ് നേതാക്കളും ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും ലഭിക്കുന്ന സ്വാതന്ത്യം മറ്റൊരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലും ലഭിക്കുകയില്ല. അങ്ങനെ വിശാല മനസ്സോടെ പെരുമാറുന്ന ഒരു കുടുംബത്തിൽ നിന്നും ഒരിക്കലും തെറ്റായ ഒരു കീഴ് വഴക്കം സമൂഹവും പ്രതീക്ഷിക്കുകയില്ല. ഉമ്മൻ ചാണ്ടിയെ ഏറെ സ്നേഹിക്കുന്ന ആ കുടുംബം ആധുനിക കാലത്തിന് അനുസരിച്ച നിലപാടുകളുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. എൺപത് വയസ്സിനോട് അടുക്കുന്ന മുൻ മുഖ്യമന്ത്രിക്ക് മികച്ച ചികിത്സ ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കൂടി ബാധ്യതയാണ്. വിവാദത്തിന്റെ അടിസ്ഥാനം എന്തു തന്നെ ആയാലും ഇനിയും ഇത്തരം ആക്ഷേപങ്ങൾ വരാതിരിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം മാത്രമല്ല കോൺഗ്രസ്സ് നേതാക്കളും ജാഗ്രത പുലർത്തേണ്ടതുണ്ട്.
EXPRESS KERALA VIEW