രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍

രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കില്‍ 2019-21ല്‍ 1.4 ശതമാനമായി കുറഞ്ഞു.

2011ലെ സെന്‍സസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. ‘ഭര്‍ത്താവിന് നിങ്ങള്‍ക്കു പുറമേ, മറ്റ് ഭാര്യമാരുണ്ടോ’ എന്ന ചോദ്യം സമീപകാലത്ത് കുടുംബാരോഗ്യ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 201921 കാലത്തെ കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ പ്രകാരം വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്ത്യാനികള്‍ക്കിടയിലാണ് ബഹുഭാര്യാത്വം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത്, 2.1 ശതമാനം. മുസ്ലിംകള്‍ക്കിടയില്‍ 1.9 ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 1.3 ശതമാനവും സിക്കുകാര്‍ക്കിടയില്‍ 0.5 ശതമാനവും ബുദ്ധമതക്കാര്‍ക്കിടയില്‍ 1.3 ശതമാനവുമാണ് ബഹുഭാര്യാത്വം.എന്നാല്‍ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം, 2.4 ശതമാനമാണ്. ഇന്ത്യയില്‍ ബഹുഭാര്യാത്വം കുറയുകയാണെന്നാണ് കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ബഹുഭാര്യത്വത്തിന്റെ കണക്കുകള്‍ ലഭിക്കുന്നത് ജനസംഖ്യാ കണക്കെടുപ്പിലൂടെയും ദേശീയ കുടുംബാരോഗ്യ സര്‍വേയിലൂടെയുമാണ്. വിവാഹിതരായ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വിവാഹിതരായ സ്ത്രീകളുണ്ടെങ്കില്‍ പുരുഷന്മാര്‍ ഒന്നിലേറെ തവണ വിവാഹം ചെയ്തതായോ വിദേശത്താണെന്നോ ആണ് സെന്‍സസിലൂടെ കണക്കാക്കുക.

Top