കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് വിധിച്ച കോടതി നടപടിയില്‍ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. എല്ലാ കുറ്റങ്ങളും ശരിവച്ച കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കുടുംബം പ്രതികരിച്ചു. വധശിക്ഷ വിധിക്കണമെന്നും കുറ്റം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഒപ്പം നിന്നവര്‍ക്ക് കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ അത്തരം അവസ്ഥയില്ലെന്നും പരമാവധി ശിക്ഷയാണ് പ്രതിക്ക് നല്‍കേണ്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതോടെ പ്രതിയുടെ ജയിലിലെ സ്വഭാവ റിപ്പോര്‍ട്ട് അടക്കം മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടു. പ്രതിക്ക് കൗണ്‍സിലിങ് നടത്തണമെന്നും കോടതി പറഞ്ഞു.
പ്രതി ബിഹാര്‍ സ്വദേശി അസഫാക്ക് ആലത്തിന് മേല്‍ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്‌സോ കോടതി വിധിക്കും. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്.