കൊച്ചി: ട്രെയിനിൽ ശീതളപാനീയം നല്കി കുടുംബത്തെ കൊള്ളയടിച്ചു. നാലംഗ കുടുംബത്തിനു ശീതളപാനീയം നൽകി മയക്കിയ ശേഷം മൂന്നു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 47,000 രൂപയുമാണ് അജ്ഞാതർ കവർന്നത്.
ചെങ്ങന്നൂർ സ്വദേശി വിനോദ് ഗോപാലകൃഷ്ണൻ, ഭാര്യ അമ്പിളി, രണ്ടു കുട്ടികൾ എന്നിവരെയാണ് അജ്ഞാതർ കൊള്ളയടിച്ചത്.
മംഗളാ എക്സ്പ്രസിൽ ഗോവ സ്റ്റേഷനും തിവിം സ്റ്റേഷനുമിടയിലായിരുന്നു സംഭവം. തൃശൂരിലെത്തിയപ്പോഴാണ് ഇവരുടെ ബോധം തെളിഞ്ഞത്. തുടർന്ന് കൊച്ചിയിലെത്തി പരാതി നൽകുകയായിരുന്നു.
എറണാകുളം റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പേരടങ്ങുന്ന സംഘം ട്രെയിനിൽ വച്ച് സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ ശീതളപാനീയം നൽകിയെന്ന് ദമ്പതികള്‍ റെയിൽവേ പോലീസിനോട് പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാലുപേരെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുകയാണ് വിനോദ്. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു ഇവർ.