ന്യൂഡല്‍ഹി: പത്മ പുരസ്‌കാരം നിരസിച്ച് പ്രശ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി. പുരസ്‌കാരം നിരസിച്ചതായി സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ ഗുപ്ത അറിയിച്ചു. പതിറ്റാണ്ടുകളായി സംഗീത രംഗത്ത് നിറസാന്നിധ്യമാണ് തന്റെ അമ്മ. അവര്‍ക്ക് തൊണ്ണൂറാം വയസില്‍ ഈ പുരസ്‌കാരം നല്‍കുന്നത് അനാദരവായി തോന്നിയത് കൊണ്ടാണ് പുരസ്‌കാരം നിരസിച്ചതെന്ന് മകള്‍ അറിയിച്ചു.
ബംഗ്ലാ ബിഭൂഷണ്‍ ഉള്‍പ്പെടെ വിഖ്യാത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഗായികയ്ക്ക് പത്മശ്രീ നല്‍കാനുള്ള തീരുമാനം താഴ്ത്തികെട്ടുന്നതാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. തീരുമാനത്തെ രാഷ്ട്രീയമായി കൂട്ടികലര്‍ത്തരുതെന്നും അവര്‍ പറഞ്ഞു.
അവാര്‍ഡ് നല്‍കി ആദരിക്കേണ്ടത് ജൂനിയര്‍ കലാകാരന്‍മാരെയാണ്. തന്നെപോലെ എണ്‍പതുവര്‍ഷം നീണ്ട കലാജീവിതമുള്ള ഒരു ഗായികയെ അല്ലെന്നും സന്ധ്യാമുഖര്‍ജി ബഹുമതി നിരസിച്ചു കൊണ്ട് വിശദീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട തന്റെ കാലസപര്യയില്‍ ഇത്രയും വൈകിയ വേളയില്‍ പത്മശ്രീ നല്‍കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് സന്ധ്യ മുഖര്‍ജി അഭിപ്രായപ്പെട്ടു.