മുംബൈ: ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും മിസ്റ്റര്‍ ഇന്ത്യ കിരീടവും നേടിയിട്ടുള്ള പ്രശസ്ത ഇന്ത്യന്‍ ബോഡിബില്‍ഡര്‍ ജഗദീഷ് ലാഡ്(34) കൊവിഡ് ബാധിച്ച് മരിച്ചു. ജോലി സംബന്ധമായി നവി മുംബൈയില്‍ നിന്ന് ബറോഡയിലേക്ക് കുടിയേറിയ ലാഡ് അവിടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.
അതേസമയം ജഗദീഷ് ലാഡിന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ബോഡിബില്‍ഡിംഗ് രംഗം. ‘ബോഡിബില്‍ഡിംഗ് നാല് വര്‍ഷം മുമ്പ് ലാഡ് അവസാനിപ്പിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി ക്ലേശത്തിലായിരുന്നു. ലാഡും ഇവിടുള്ള മറ്റൊരു ബോഡിബില്‍ഡറായ ലഖാനും കൃത്യമായ ചികില്‍സ ലഭിക്കാത്തത് കൊണ്ടാണ് മരണപ്പെട്ടത്.
വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ബറോഡയിലെ വീട് ഒഴിയാന്‍ വിട്ടുടമസ്ഥന്‍ അനുവദിച്ചിരുന്നില്ല. ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ബോഡിബില്‍ഡര്‍മാരെ കൊവിഡ് കീഴ്പ്പെടുത്തുമെങ്കില്‍, വൈറസ് ആരെയും ഇല്ലാതാക്കാം. ബോഡിബില്‍ഡര്‍മാര്‍ ദൈവങ്ങളല്ല. ഞങ്ങള്‍ക്കും കൊവിഡ് ഗുരുതരമായി ബാധിക്കാം’- അന്താരാഷ്ട്ര ബോഡിബില്‍ഡറായ സമീര്‍ ദബില്‍കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘ജഗദീഷ് ലാഡ് സീനിയര്‍ ബോഡിബില്‍ഡറായിരുന്നു,നല്ലൊരു മനുഷ്യസ്നേഹിയും. ഇന്ത്യന്‍ ബോഡിബില്‍ഡിംഗ് സമൂഹത്തിന് തീരാനഷ്ടമാണ് ലാഡിന്റെ വേര്‍പാട്. അദേഹത്തെ എക്കാലവും മിസ് ചെയ്യും. റെസ്റ്റ് ഇന്‍ പവര്‍’- പ്രൊഫഷണല്‍ ബോഡിബില്‍ഡറും പേര്‍സണല്‍ ട്രെയിനറുമായ രാഹുല്‍ ടര്‍ഫേ ഓര്‍മ്മിച്ചു.