പ്രശസ്ത സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, സംഗീതനാടക അക്കാദമി പുരസ്‌കാരം തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കാണ്.

1924ല്‍ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി ജനനം. 18ാം വയസില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീതാദ്ധ്യാപികയായ പൊന്നമ്മാള്‍ തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആര്‍ എല്‍ വി. സംഗീത കോളേജിന്റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.

2009ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്.

പൊന്നമ്മാളിനെ രാജ്യം നാല് വര്‍ഷം മുമ്പ് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. പ്രസിദ്ധ സംഗീതജ്ഞന്‍ പാപനാശം ശിവനില്‍നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. പരേതനായ ആര്‍ ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. സുബ്രഹ്മണ്യം, മഹാദേവന്‍ എന്നിവര്‍ മക്കളാണ്.

Top