പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍ വെച്ച് നടക്കും. 1940മെയ് 1-ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം. ഗൗരി അന്തര്‍ജനം, നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവരാണ് മാതാപിതാക്കള്‍.

വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണ അഭ്യസിച്ചു. പതിനാറാം വയസ്സില്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി. യജ്ഞം, അഗ്‌നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവ കൃതികളാണ്.

സാഹിത്യ അക്കാദമി അവാര്‍ഡ്, ‘നിര്‍മല’ കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ നാരായണ മേനോന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം എന്നിവ എഴുത്തുകാരിയെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യന്‍ മിതോളജി കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്‌നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികള്‍.

Top