കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന വിമാന സര്‍വ്വീസുകളാണ് പുനരാരംഭിച്ചത്.
ഫോനിയില്‍ തകര്‍ന്നടിഞ്ഞ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഭുവനേശ്വര വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും കടപുഴകിയ മരങ്ങള്‍ക്കും ഇടയില്‍പ്പെട്ടാണ് പലരും മരിച്ചത്. 10 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തീര്‍ഥാടന നഗരമായ പുരിയിലും തലസ്ഥാനമായ ഭുവനേശ്വറിലും കനത്ത നാശമാണുണ്ടാക്കിയത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.30 ഓടെ ചുഴലിക്കാറ്റ് ഒഡീഷയില്‍നിന്ന് പശ്ചിമബംഗാളിലേയ്ക്ക് പ്രവേശിച്ചു.
ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണ്. താറുമാറായ വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും പുനഃസ്ഥാപിക്കാന്‍ നൂറില്‍ പരം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനങ്ങളെ മാറ്റി പാര്‍പ്പിച്ചയിടങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.