ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയില്‍ എട്ട് ലക്ഷം പേരെ ഒഴിപ്പിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായാണ് എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നത്. പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.
ബ്രഹ്മപുര്‍ മുതല്‍ പുരി വരെയുള്ള നഗരങ്ങളില്‍ അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കുമെന്നും അഞ്ചു ജില്ലകളില്‍ കനത്തനാശനഷ്ടങ്ങള്‍ക്ക് സാധ്യതയെന്നും അറിയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്.
81 ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും നാശം വിതച്ചേക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമാന്‍ഡല്‍ എക്‌സ്പ്രസ്, പട്‌ന-എറണാകുളം എക്‌സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകള്‍.