തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തുനിന്ന് ഫോനി ചുഴലിക്കാറ്റ് അകലാന്‍ സാധ്യത. വടക്കുകിഴക്ക് ദിശയില്‍ കടലിലേക്ക് ഫോനി നീങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അതേസമയം,കേരളത്തിലടക്കം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നു.
നിലവില്‍ ശ്രീലങ്കയിലെ ട്രിങ്കോ മാലിയില്‍ നിന്ന് 750 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്ക് മാറിയും ചെന്നൈയില്‍ നിന്ന് 1080 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയും ആന്ധ്രാപ്രദേശില്‍ നിന്ന് 1265 തെക്ക് കിഴക്ക് മാറിയുമാണ് ഇപ്പോള്‍ ഫോനി ചുഴലിക്കാറ്റുള്ളത്. ഇത് അതി ശക്തമായ ചുഴലിക്കാറ്റായി അടുത്ത 12 മണിക്കൂറിലും ഉഗ്രശേഷിയുള്ള ചുഴലിക്കാറ്റായി അടുത്ത 24 മണിക്കൂറിലും മാറുമെന്നാണ് കണക്കുകൂട്ടല്‍. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് പതുക്കെ അകലുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ പാതയില്‍ മാറ്റം സംഭവിച്ചാലും ഭീതി ഒഴിയുന്നില്ല.
ഫോനിയുടെ സഞ്ചാരപഥത്തില്‍ കേരളം വരുന്നില്ലെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. അടുത്ത രണ്ട് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം മുതല്‍ വയനാട് വരെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഉള്‍ക്കടലില്‍ 60 കിലോമീറ്റര്‍ വോഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും തുടരുന്നുണ്ട്. ഉള്‍ക്കടലില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തീരത്ത് തിരിച്ചെത്തണമെന്നാണ് നിര്‍ദ്ദേശം.
ഫാനി അല്ല ഉച്ചരിക്കേണ്ടത് ‘ഫോനി’ യെന്ന്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പേര് ‘ഫോനി’ എന്നാണ് ഉച്ചരിക്കേണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.