സോച്ചി: ഈ ലോകകപ്പില്‍ മികച്ച കളിക്കാരനെ തേടിയെത്തുന്ന ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കാണെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും സമയമായിട്ടില്ല. എന്നാല്‍ ലോകത്തെ പോര്‍ച്ചുഗല്‍ ആരാധകര്‍ ഇപ്പോള്‍ തന്നെ ബെറ്റ് തുടങ്ങി കഴിഞ്ഞു, ഗോള്‍ഡന്‍ ബൂട്ട് റൊണാള്‍ഡോയ്ക്ക് തന്നെ.
തുടക്കത്തില്‍ തന്നെ മിന്നുന്ന മൂന്ന് മനോഹര ഗോളുകള്‍ . . കരുത്തരായ സ്‌പെയിനിനുമായി സമനിലയില്‍ പിരിയേണ്ടിവന്നെങ്കിലും റൊണാള്‍ഡോയുടെ ചുമലിലേറി ഇനി പോര്‍ച്ചുഗല്‍ വിജയ കുതിപ്പ് നടത്തുമെന്ന ആത്മവിശ്വാസമാണ് ആരാധകര്‍ക്കുള്ളത്.
ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോ സ്വന്തമാക്കിയതില്‍ ടീം അംഗങ്ങളും ആത്മവിശ്വാസത്തിലാണ്.
മെസ്സി, നെയ്മര്‍ തുടങ്ങി ഒന്നാം നമ്പര്‍ ലോക താരങ്ങള്‍ റൊണാള്‍ഡോക്ക് മുന്നില്‍ വമ്പന്‍ ഭീഷണിയാണെങ്കിലും തുടക്കത്തിലെ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോകകപ്പ് അല്ലെങ്കില്‍ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പായിട്ടും പോര്‍ച്ചുഗലില്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വിജയ സമാനമായ സമനിലയാണ് സ്‌പെയിനുമായി പോര്‍ച്ചുഗല്‍ നേടിയത്. മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെയാണ് ട്രേഡ് മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ റൊണാള്‍ഡോ ഹാട്രിക് തികച്ചത്.
നാല് (പെനല്‍റ്റി ) 44,88 മിനുറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. സ്‌പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ട ഗോള്‍ (24, 55) നേടി. 58-ാം മിനിറ്റില്‍ നാച്ചോയാണ് മൂന്നാം ഗോള്‍ നേടിയത്.
പൊടിപാറുന്ന മത്സരമായതിനാല്‍ കാല്‍പ്പന്താരാധകരെ ഇരു ടീമുകളും നിരാശരാക്കിയില്ല. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒട്ടും പിന്നിലല്ല പോര്‍ച്ചുഗലും സ്‌പെയിനും.