തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണം. ഒക്ടോബർ 29നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീത് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവാതെ കർണാടകത്തിൽ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് താരത്തിന്റെ ആരാധകരോട് അഭ്യർഥിച്ച് പുനീതിന്റെ സഹോദരങ്ങളായ ശിവരാജ്കുമാറും രാഘവേന്ദ്ര രാജ്കുമാറും രംഗത്ത് വന്നിട്ടുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പുനീത് ആരാധകർക്ക് ആദർശ മാതൃകയായിരുന്നു. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നുള്ള താരത്തിന്റെ ആഗ്രഹവും കുടുംബം നിറവേറ്റിയിരുന്നു. നാല് പേർക്കാണ് താരത്തിന്റെ കണ്ണുകൾ കാഴ്ചയേകിയത്. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടർന്ന് നിരവധി ആരാധകരാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഈ ദിവസങ്ങളിൽ ഒപ്പ് വച്ചത്. ഇത് റെക്കോർഡ് നമ്പറാണെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ മൂന്ന് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പാത പിന്തുടർന്ന് കണ്ണുകൾ ദാനം ചെയ്യാനായി ജീവനൊടുക്കിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.