കണ്ണീരോടെ വിട; നിതിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ സംസ്കാരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടുവളപ്പില്‍ നടത്തി. പ്രസവശേഷം മിംസ് ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിച്ചശേഷമാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്.

കുഞ്ഞിനെക്കാണാന്‍ പറഞ്ഞ പോലെ തന്നെ നിതിനെത്തി. കണ്ട് നില്‍ക്കുന്നവരുടെ പോലും ഹൃദയംപിളരുന്ന വേദനയോടെ ആതിര അവസാനമായി നിതിനെ ഒരു നോക്ക് കണ്ടു. വീല്‍ചെയറിലിരുന്നാണ് തന്റെ പ്രിയതമനെ ആതിര അവസാനമായി ഒരു നോക്ക് കണ്ടത്. ഏതാനും മിനിറ്റുകള്‍ക്കകം ആതിരയെ തിരികെ ആശുപത്രി വാര്‍ഡിലേക്ക് കൊണ്ടുപോയി.

ഒന്നുറക്കെ കരയാന്‍ പോലുമാവാതെ തളര്‍ന്നുപോയിരുന്നു അവളുടെ മനസ്സും ശരീരവും. രാവിലെയാണ് ആതിരയെ നിതിന്റെ മരണവാര്‍ത്ത അറിയിച്ചത്.

പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലന്‍സില്‍ 8 മണിയോടെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പത്ത് നാല്പ്പത്തിയഞ്ചിനാണ് മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സെത്തിയത്. പത്തുമിനിറ്റുള്ളില്‍ ആശുപത്രി പരിസരത്ത് നിന്നും മൃതദേഹം പേരാമ്പ്രയിലേക്ക് പുറപ്പെട്ടു.

പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ അമ്മയും അച്ഛനും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിതിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. എങ്കിലും പ്രിയപ്പെട്ടവനെ കാണാന്‍ അയല്‍ക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപ്പേര്‍ വീട്ടിലേക്കെത്തിയിരുന്നു.

Top