Farhan-blind-cricketer-got-govenment-job

മലപ്പുറം: അന്ധരുടെ ലോകക്കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ നിലമ്പൂര്‍ മൈലാടി അരഞ്ഞിക്കല്‍ മുഹമ്മദ് ഫര്‍ഹാന് സ്വപ്‌ന സാക്ഷ്താക്കാരമായി സര്‍ക്കാര്‍ ജോലി ലഭിച്ചു.

എടക്കര ഐ.ഡി.ഡി.എസ് ഓഫീസില്‍ ക്ലര്‍ക്കായാണ് ജോലി. നിയമന ഉത്തരവ് ഇന്നലെ കൈപ്പറ്റിയ ഫര്‍ഹാന്‍ അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ ജോലി നല്‍കുമെന്നു പ്രഖ്യാപിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും അതിനായി പരിശ്രമിച്ച മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെയും വീട്ടിലെത്തി ഫര്‍ഹാന്‍ നന്ദി അറിയിച്ചു.

ലോകക്കപ്പ് വിജയിച്ച ശേഷം ഫര്‍ഹാന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരംഒരുക്കിയത് ഷൗക്കത്തായിരുന്നു. ഫര്‍ഹാന് സര്‍ക്കാര്‍ ജോലി എന്ന ആവശ്യവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി.

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ഫര്‍ഹാന് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റസ് (എ.കെ.ഡി.ഡി.എ) ജില്ലാ കമ്മിറ്റി വീടുവെക്കാനായി നല്‍കിയ ആറു സെന്റ് ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങില്‍ ഫര്‍ഹാന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബൈത്തുറഹ്മ പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട് പൂര്‍ത്തിയായിട്ടില്ല. ജോലി കിട്ടുന്ന സന്തോഷം പങ്കുവെക്കാന്‍ ഉമ്മ ജമീല ഇല്ലെന്ന ദുഖം മാത്രമാണ് ഫര്‍ഹാനുള്ളത്. കഴിഞ്ഞ ദിവസം മന്ത്രി ആര്യാടനാണ് എടക്കര ഐ.സി.ഡി.എസ് ഓഫീസിലെ ക്ലര്‍ക്ക് ജോലിക്കുള്ള ഉത്തരവ് അയച്ചതായി ഫോണില്‍ വിളിച്ച് അറിയിച്ചത്. നിയമന ഉത്തരവും ലഭിച്ചതോടെയാണ് നന്ദി പറയാന്‍ ഫര്‍ഹാന്‍ ആര്യാടന്റെ വീട്ടിലെത്തിയത്.

Top