കര്‍ഷക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും; ആശങ്കയില്‍ എന്‍ഡിഎ സഖ്യം

rajyasabha

ന്യൂഡല്‍ഹി: വിവാദ കര്‍ഷക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലുകള്‍ പാസ്സാക്കുന്നതിനായി പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണപ്രതിപക്ഷ കക്ഷികള്‍. നിലവില്‍ ബിജെപിക്ക്് ബില്ലുകള്‍ പാസാക്കാുള്ള നേരിയ മുന്‍തൂക്കമുണ്ട്.

243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 വോട്ടുകളാണ് ആവശ്യമായിട്ടുള്ളത്. എന്‍ഡിഎ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100 വോട്ടുകളും. 10 എംപിമാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പി.ചിദംബരം ഉള്‍പ്പെടെ 15 എംപിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകള്‍ ഇതിന് ആനുപാതികമായി കുറയുമെന്നതിനാല്‍ ബിജെപിക്ക് ഇത് കൂടുതല്‍ അനുകൂലമായി മാറുമെന്നാണ് വിലയിരുത്തുന്നത്. 86 ആംഗങ്ങളാണുള്ളത് ബിജെപിക്കു മാത്രമായിയുള്ളത്.

ഒഡീഷയിലെ സഖ്യകക്ഷിയായ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെഡിക്ക് ഒന്‍പത്, ടിആര്‍എസിന് ഏഴ്, വൈഎസ്ആര്‍ കോണ്‍ഗ്രസിന് ആറ് എന്നിങ്ങനെയാണ് രാജ്യസഭയിലെ അംഗസംഖ്യ. 135 വോട്ടുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. ശിവസേനയുടെ മൂന്ന് എംപിമാരും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍സിപിയുടെ പിന്തുണയും ബിജെപി അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായ അകാലിദള്‍, കര്‍ഷക ബില്ലുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നു പിന്‍വലിച്ചിരുന്നു. ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ അവരുടെ മൂന്ന് അംഗങ്ങള്‍ക്കും വിപ് നല്‍കിയിട്ടുണ്ട്.

Top