മുക്കം: കന്നുകാലി ഫാമിന്റെ പേരില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് ഒളിവില്‍. കൊണ്ടോട്ടി പറമ്പില്‍ പീടിക സ്വദേശി ബഷീറിനെതിരെയാണ് ഒട്ടേറെ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
പശു ഫാം ആരംഭിക്കാനാണെന്ന് പറഞ്ഞ് തേഞ്ഞിപ്പലം സ്വദേശിയായ സവാദ് എന്നയാളില്‍ നിന്ന് പതിമൂന്നര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് ഇയാള്‍ മുങ്ങിയത്. തന്റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങി നല്‍കിയ പണവുമായാണ് ബഷീര്‍ നാട് വിട്ടിരിക്കുന്നതെന്ന് സവാദ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനുപുറമേ പന്നിക്കോട് പ്രദേശത്തെ ഒട്ടേറെ പേരില്‍ നിന്നും ബഷീര്‍ പണം വാങ്ങിയതായും പരാതിയുണ്ട്.
കുവപ്പാറമ്മല്‍ ആമിന എന്ന സ്ത്രീയില്‍ നിന്ന് പശുവിനെ നല്‍കാമെന്ന് പറഞ്ഞ് 90,000 രൂപ വാങ്ങി കബളിപ്പിച്ചതായി ഇവര്‍ മുക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അടുത്ത കാലത്തായി പന്നിക്കോട് താമസമാക്കിയ ബഷീര്‍ ഉണിക്കോരന്‍ കുന്നില്‍ ഒരു ഫാം തുടങ്ങുകയും ഇതിന്റെ മറവില്‍ ഒട്ടേറെ പേരുമായി ബന്ധം സ്ഥാപിച്ച് പണം വാങ്ങി മുങ്ങുകയുമായിരുന്നു. ഫാമിലെ മുഴുവന്‍ കാലികളെയും വില്‍പ്പന നടത്തിയതിനു ശേഷമാണ് ഇയാള്‍ നാട് വിട്ടത്.