മഹാരാഷ്ട്ര സെക്രട്ടറിയേറ്റിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ മരിച്ചു

Suicide attempt

മുംബൈ: മഹാരാഷ്ട്ര സെക്രട്ടറിയേറ്റിനു മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ 22-ാം തീയതിയാണ് 84 കാരനായ ധര്‍മ്മ പാട്ടീല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ജെ.ജെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. പാട്ടീലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി.

ധര്‍മ്മ പാട്ടീലിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ സോളാര്‍ പ്ലാന്റിനായി സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതുവരേയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തുക നല്‍കാന്‍ തയാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാട്ടീല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

നിരവധി തവണ നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പാട്ടീലിന്റെ മകന്‍ നരേന്ദ്ര പാട്ടീല്‍ 5 ഏക്കര്‍ ഭൂമിക്ക് നാലു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍ ഇത്രയും തുക നഷ്ടമാണെന്നും ഭൂമിക്ക് നല്ല വിലയുള്ളപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ പറ്റിക്കുകയാണെന്നും നരേന്ദ്ര പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തോളം പാട്ടീല്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവിനെ കാണാന്‍ ചെന്നിരുന്നു. അദ്ദേഹത്തിനു നല്‍കിയ പരാതിയില്‍ തന്റെ ഭൂമിക്ക് വേണ്ട പണം ലഭിച്ചിരുന്നില്ലെന്ന് പാട്ടില്‍ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര് 15 ലക്ഷം രൂപയാണ് അന്ന് വാഗ്ദാനം ചെയ്തത്.

നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ തീരുമാനമാകാതെ അച്ഛന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് നരേന്ദ്ര പാട്ടില്‍ പറഞ്ഞു. അതേമയം പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍സിപിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കര്‍ഷകരെ കൊന്നൊടുക്കുകയാണ്, ഈ സര്‍ക്കാര്‍ മാത്രമാണ് കര്‍കരെ കൊന്നൊടുക്കിയതെന്നും എന്‍സിപി നേതാവ് പറഞ്ഞു.

ആയിരക്കണക്കിന് കര്‍ഷകരെ കൊന്നൊടുക്കിയിട്ടും സര്‍ക്കാര്‍ ഇനിയും ഉറങ്ങുകയാണ്. ഉചിതമായ ഒരു നടപടി സ്വീകരിക്കാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.കെ പാട്ടീല്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയും, കൃഷി വിരുദ്ധ നയങ്ഹളുമാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top