കര്‍ഷകന്റെ ആത്മഹത്യ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കലക്ടര്‍

hanging

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മരിച്ച ജോയിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസാണ് വില്ലേജ് ഓഫീസില്‍ മരിച്ചത്. ഭൂ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാത്രി ഒമ്പതരയോടെയാണ് ചെമ്പനോട് വിലേജ് ഓഫീസിലെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കര്‍ഷകനായ ജോയി എന്ന തോമസിനെ കണ്ടത്. ഭൂ നികുതി സ്വീകരിക്കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

ബുധനാഴ്ച വില്ലേജ് ഓഫീസിലെത്തിയ ജോയി ഒരു കത്ത് വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഏല്‍പ്പിച്ചിരുന്നു. ഇത് ആത്മഹത്യാ കുറിപ്പായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കര്‍ഷകന്‍ ആത്മഹത്യാ ചെയ്യാനിടയായത് വില്ലേജ് ഓഫീസ് അധികൃതരുടെ പീഡനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റ നേത്യത്വത്തില്‍ ഇന്ന് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Top