തിരുവനന്തപുരം: തകഴിയിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വി.ഡി സതീശനും, വി.മുരളീധരനും നടത്തിയ കള്ള പ്രചാരണം പൊളിഞ്ഞെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. മരിച്ച കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടെന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചരണം നടത്തിയതില്‍ ഇരുവരും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.മുരളീധരന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപയും കുടിശ്ശികയുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാല്‍ പിടിച്ചുവെച്ചത് 6 കോടി രൂപ മാത്രമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് നെല്ല് സംഭരണ കുടിശ്ശിക നേടിയെടുക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ കണക്കില്‍ വ്യത്യാസം ഉണ്ടെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് അത് തന്നോട് പറയാം. പ്രതിവര്‍ഷം 1300 കോടി രൂപ കേന്ദ്രം നല്‍കേണ്ടതാണ്. പി ആര്‍ എസ് വായ്പ നിര്‍ത്തണമെന്ന് ഇപ്പോള്‍ പ്രതിപക്ഷം പറയുന്നു.
പി ആര്‍ എസ് വായ്പ കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. പി ആര്‍ എസ് വായ്പ അല്ലെങ്കില്‍ ബദല്‍ എന്തെന്ന് പ്രതിപക്ഷം പറയണമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കര്‍ഷകന്റെ വ്യക്തിഗത ബാധ്യതയില്‍ നിന്ന് പി ആര്‍ എസ് വായ്പയെ ഒഴിവാക്കണമെന്നും ഇതിന് കേന്ദ്രം നടപടി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ആദ്യം ഫെഡറല്‍ ബാങ്കില്‍ നിന്നാണ് വായ്പയെടുത്ത്. തിരിച്ചടവില്‍ മുടക്കമുണ്ടായിട്ടില്ല. രണ്ടാമത്തെ വായ്പ കേരള ബാങ്കാണ് നല്‍കിയത്. ഇതിലും ഇതുവരെ മുടക്കം വന്നിട്ടില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് ബാങ്ക് വായ്പ നല്‍കുന്നത്. പിന്നെ എന്തിനാണ് കര്‍ഷകന്റെ പേരില്‍ പ്രത്യേക ഗ്യാരണ്ടി ബാങ്ക് ആവശ്യപ്പെടുന്നത്. പി ആര്‍ എസ് വായ്പയെടുക്കുന്ന കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ ബാധിക്കുന്ന തരത്തിലുള്ള നിബന്ധന ബാങ്കുകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ പി ആര്‍ എസ് വായ്പ ഒരു കര്‍ഷകന്റെയും സിബില്‍ സ്‌കോര്‍ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി, സബ്‌സിഡിയില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ഇനത്തില്‍ 800 കോടി കിട്ടാനുണ്ട്. 200 കോടി സപ്ലൈകോയ്ക്ക് ഇപ്പോള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്ത് പൈസ തന്നില്ലെങ്കിലും കര്‍ഷകന് പണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.