ബെയ്ജിങ്ങ്: സാധാരണ ഒരു ഗ്രാമീണ കര്‍ഷകന്‍ കോടീശ്വരന്‍ ആവുക എന്നത് സ്വപ്നം മാത്രമാണ്.
എന്നാല്‍ ചൈനയിലെ ഒരു ഗ്രാമീണ കര്‍ഷകന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോടീശ്വരനായിരിക്കുകയാണ്.
ചൈനയിലെ റിസാവോയ്ക്കു സമീപം ജു കൗണ്ടിയിലെ പന്നി കര്‍ഷകനായ ബോ ചുന്‍ലൗ ആണ് ഭാഗ്യം ലഭിച്ചത്.
നാലു കോടിയോളം രൂപവരുന്ന അപൂര്‍വ്വ നിധിയാണ് ചുന്‍ലൗവിന് കിട്ടിയത് അതും പന്നിയുടെ വയറ്റില്‍ നിന്നുമാണ് ലഭിച്ചത് എന്നതാണ് മറ്റൊരു കാര്യം.
മാംസം വില്‍ക്കുന്നതിനായി പന്നിയെ കൊന്ന് ഇറച്ചിയാക്കുന്നതിനിടയിലാണ് പന്നിയുടെ വയറ്റില്‍ ഖരരൂപത്തിലുള്ള വസ്തു ബോ ചുന്‍ലൗ കണ്ടെത്തിയത്. അത് സൂക്ഷിച്ചുവെച്ച ചുന്‍ലൗ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം ഷാങ്ഹായിലെ വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിക്കുകയായിരുന്നു.
അമൂല്യ വസ്തുവായ ഗോരോചനമാണ് അതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. മനുഷ്യ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള അത്യുത്തമമായ ഔഷധമായാണ് ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ ഗോരോചനത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.
വിഷം, പനി, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്‌ക്കെതിരെ ഔഷധമായി ഇന്ത്യയിലും ഗോരോചനം ഉപയോഗിക്കാറുണ്ട്.
പന്നിയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ഗോരോചനത്തിന് ഔഷധഗുണം കൂടുതലാണെന്നും സൂചിപ്പിക്കുന്നു. ചൈനീസ് പരമ്പരാഗത വൈദ്യന്‍മാര്‍ ‘പിഗ് ട്രഷര്‍’ എന്ന് വിളിക്കുന്ന ഈ വസ്തു പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശരീരത്തിനുള്ളിലാണ് അപൂര്‍വ്വമായി കാണാറുള്ളത്.
ഗോരോചനത്തിന് 4,50,000 പൗണ്ട് (3.89 കോടി രൂപ) വിലയാണ് ചുന്‍ലൗവിന് ലഭിച്ചത്.
എട്ടു വയസ്സു പ്രായമുള്ള പന്നിയുടെ പിത്താശയത്തില്‍നിന്ന് ചുന്‍ലൗവിന് ലഭിച്ച ഗോരോചനത്തിന് നാല് ഇഞ്ച് നീളവും 2.5 ഇഞ്ച് ഘനവുമുണ്ടായിരുന്നു എന്ന് വിദഗ്ദര്‍ അറിയിച്ചു.
ശാരീരിക പ്രത്യേകതകള്‍ മൂലമാണ് മൃഗങ്ങളില്‍ ഇത് രൂപപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.