കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമപരിഷ്‌കരണത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെ സി ജോസഫാണ് കോണ്‍ഗ്രസില്‍ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. മൂന്ന് നിയമഭേദഗതികളും കെസി ജോസഫ് നിര്‍ദേശിച്ചു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളാണ് ഉള്ളത്. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്.

സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും, അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കര്‍ഷകരുടെ വില പേശല്‍ ശേഷി കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Top