രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല,പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ഇല്ല. ശൂന്യവേളയില്‍ വിഷയം ഉന്നയിയ്ക്കാമെന്ന് രാജ്യസഭ ചെയര്‍മാന്‍ വ്യക്തമാക്കി. പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് ഇന്ന് ലോക്‌സഭയുടെ അജണ്ട. മറ്റ് നടപടികള്‍ മാറ്റി വച്ച് വിവാദ കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രക്ഷോഭവും ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെട്ടത്. ഗുലാം നബി ആസാദ്, ബിനോയ് വിശ്വം, ദീപേന്ദര്‍ ഹൂഡ തുടങ്ങിയവര്‍ ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ചര്‍ച്ചക്കെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം.

അതേസമയം, കര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക നേതാക്കള്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന-ദേശീയ പാതകള്‍ തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും.

സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പൊലീസ് കുടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി. ഡല്‍ഹി- മീററ്റ് അതിവേഗ പാതയില്‍ ട്രാക്റ്ററുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുളളുകമ്പികള്‍ പാകി. കാര്‍ഷിക മേഖലയ്ക്കായുളള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച തളളി.

 

 

Top