രാജ്യസഭയിലെ കര്‍ഷക ബില്‍ പ്രതിഷേധം; എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുള്‍പ്പെടെ പ്രതിഷേധിച്ച എട്ട് പേര്‍ക്കെതിരെയാണ് നടപടി. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍, സഞ്ജയ് സിംഗ്, രാജു സതവ, രിപുന്‍ ബോറ, ദോള സെന്‍, സെയ്ദ് നസിര്‍ ഹസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് രണ്ടു പേര്‍. പാര്‍ലമെന്റിന്റെ 256ാം ചട്ടപ്രകാരം പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇവര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി.

ഇതിനു പിന്നാലെ എട്ട് അംഗങ്ങളെ എട്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. രാജ്യസഭയില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ തന്നെ സഭ ചേര്‍ന്നപ്പോള്‍ ഇന്നലത്തെ സംഭവത്തെ വെങ്കയ്യ നായിഡു അപലപിച്ചു. ഇന്നലത്തെ സംഭവങ്ങളെ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗം തടസപ്പെടുത്തി ബഹളം വച്ച ഡെറിക് ഒബ്രിയനോട് ഇരിക്കാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന ഡെറിക് ഒബ്രിയനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എംപിമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചതോടെ സഭ രാവിലെ 10 വരെ നിര്‍ത്തിവച്ചു.

അതേസമയം, രാജ്യസഭയില്‍ ചട്ടലംഘനം നടത്തി പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. പതിമൂന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ് ഉപാധ്യക്ഷനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നത്.

നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ചേംബറിനു മുന്നില്‍ മൈക്ക് പിടിച്ചുവലിച്ചും ബില്ലിന്റെ പകര്‍പ്പുകള്‍ വലിച്ചുകീറിയെറിഞ്ഞുമൊക്കെയായിരുന്നു ഇന്നലെ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. നാലു മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ബില്‍ പാസാക്കിയെടുക്കുന്നതിനായി ഉപാധ്യക്ഷന്‍ നീട്ടിക്കൊണ്ടുപോയതും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.

Top