അമൃത്സര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ കഴിഞ്ഞ 169 ദിവസമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഇതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് റെയില്‍വേ ട്രാക്കില്‍ മാസങ്ങളോളം തുടര്‍ന്ന ധര്‍ണ പിന്‍വലിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. സമരരംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ചാണ് അമൃത്സര്‍-ഡല്‍ഹി പാതയിലെ ദേവിദാസ്പുരയിലെ ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് വ്യക്തമാക്കി.
പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് കര്‍ഷകര്‍ തടഞ്ഞത്. എന്നാല്‍ ചരക്ക് ട്രെയിനുകള്‍ കൂടി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചത്. പഞ്ചാബിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് വലിയ നഷ്ടമുണ്ടാക്കി. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.