ദില്ലി ചലോ സമരം കടുപ്പിച്ച് കര്‍ഷകര്‍; പ്രതിരോധ സംവിധാനം ശക്തമാക്കി പൊലീസ്

ഡല്‍ഹി: ദില്ലി ചലോ സമരം കൂടുതല്‍ കടുപ്പിച്ച് കര്‍ഷകര്‍. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചു. കൂടുതല്‍ കര്‍ഷകരെത്തിയതോടെ ശംഭു അതിര്‍ത്തിയില്‍ കിലോ മീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകരെ നേരിടാന്‍ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കര്‍ഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പിസിസികളുടെ നേതൃത്വത്തില്‍ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പടുത്തി. കര്‍ഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു. കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമര്‍ത്തരുതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Top