കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നു;അതിർത്തികളിൽ കനത്ത സുരക്ഷ

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും തുടരും. പഞ്ചാബ് – ഹരിയാന അതിർത്തിയാലാണ് മാർച്ച് നിലവിൽ ഉള്ളത്. ദില്ലിയിൽ അടക്കം കനത്ത സുരക്ഷ തുടരുന്നു.

കർഷക പ്രതിഷേധം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ദില്ലി ചലോ മാർച്ചിൽ ട്രാക്ടറുകളിൽ എത്തിയ കർഷകർ പഞ്ചാബ് – ഹരിയാന അതിർത്തികളായ ശംഭുവിലും ജിന്ദിലും കുരുക്ഷേത്രയിലുമാണ് തമ്പടിച്ചിരിക്കുന്നത്. കർഷകർ ഇന്നും ദില്ലിയിലേക്ക് മാർച്ചായി നീങ്ങാൻ ശ്രമിക്കും. എന്നാൽ കനത്ത പൊലീസ് സുരക്ഷ മറികടന്ന് യാത്ര മുന്നോട്ട് നീങ്ങുക അത്ര എളുപ്പമാകില്ല. ഇന്നും സംഘർഷങ്ങൾക്ക് തന്നെയാണ് സാധ്യത.

ദില്ലി അതിർത്തികളായ സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും തുടരുകയാണ്. ദേശീയപാത 44 പൂർണ്ണമായും അടച്ചിരിക്കുന്നു. രാത്രി ഏറെ വൈകിയും വലിയ ഗതാഗതക്കുരുക്കാണ് ദില്ലിയിൽ അനുഭവപ്പെട്ടത്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതി അടക്കം തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ കൂട്ടി. ദില്ലി മെട്രോയുടെ എട്ട് സ്റ്റേഷനുകളിൽ പല ഗേറ്റുകളും ഇന്നും അടഞ്ഞുകിടക്കും.

പ്രശ്ന പരിഹരത്തിന് കേന്ദ്രം ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം പ്രശ്നം പരിഹാരിക്കാനാണ് കേന്ദ്ര സർക്കാരും ആഗ്രഹിക്കുന്നത്. കർഷക സംഘടനകളെ പിന്തുണച്ച് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് രംഗത്ത് വരും.

Top