ലക്‌നൗ: ലഖിംപുരിലെ കര്‍ഷക മരണം ആസൂത്രിതമെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പുതിയ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വ്യക്തതയുള്ള ദൃശ്യങ്ങളില്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ വാഹനം ഇടിച്ചു കയറ്റുന്നത് കാണാം.
കര്‍ഷകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് കര്‍ഷകരുടെ മേല്‍ കയറുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര വാദിച്ചിരുന്നത്. എന്നാല്‍ ആ വാദം പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
The clearest video of Lakhimpur Kheri incident yet
Farmers were walking peacefully and the car violently comes and runs them over. Very Shocking. pic.twitter.com/3kkBYn8lVE
— Dhruv Rathee (@dhruv_rathee) October 6, 2021
അതേസമയം, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കര്‍ഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
കേസില്‍ യുപി സര്‍ക്കാറിന്റെ വിശദീകരണം കോടതി തേടിയേക്കും. കര്‍ഷകരുടെ കൊലപാതകത്തില്‍ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടല്‍. ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂരിലെത്തി കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്.