മുസാഫര്‍നഗര്‍: ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയില്ല തുടങ്ങിയ വിഷയങ്ങള്‍ ഊന്നിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്ത് മുസാഫര്‍നഗറില്‍ അറിയിച്ചു. കര്‍ഷക സംഘടനകള്‍ക്കു പുറമേ വ്യാപാരികള്‍, വിളകള്‍ കയറ്റുമതി ചെയ്യുന്നവര്‍ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘനകള്‍ ബന്ദിന്റെ ഭാഗമാകുമെന്ന് ടികായത്ത് അറിയിച്ചു. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകും നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എല്ലാ കടയുടമകളും അന്നേദിവസം കടകള്‍ അടച്ചിടണമെന്നും ടികായത്ത് ആഹ്വാനം ചെയ്തു.