‘ഡല്‍ഹി ചലോ’ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍

ഡല്‍ഹി : ‘ഡല്‍ഹി ചലോ’ മാര്‍ച്ച് താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഫെബ്രുവരി 29 വരെ മാര്‍ച്ച് നിര്‍ത്തിവെക്കും. തുടര്‍ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനൗരി മേഖലയില്‍ തുടരാനും കര്‍ഷകര്‍ തീരുമാനിച്ചു.

ഇന്ന് മെഴുകുതിരി മാര്‍ച്ചും നാളെ കര്‍ഷക സംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. ഫെബ്രുവരി 26 ന് ലോക വ്യാപാര സംഘടനയുടെയും മന്ത്രിമാരുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ഫോറങ്ങളുടെ മീറ്റിംഗുകള്‍ നടത്താനും തീരുമാനമുണ്ട്.

കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രിമാരുടെ മൂന്നംഗ സമിതിക്ക് കേന്ദ്രം രൂപം നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമന്‍. അതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.

വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി), സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ‘ഡല്‍ഹി ചലോ’ മാര്‍ച്ച്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Top