കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്; സമരവേദി ജന്തര്‍മന്തറിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചിന്റെ സമരവേദി ജന്തര്‍മന്തറിലേക്ക് മാറ്റി. ഡല്‍ഹി പൊലീസുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. സമാധാനപരമായ സമരത്തിനാണ് ആഹ്വാനമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. മറ്റന്നാള്‍ മുതലാണ് കര്‍ഷകരുടെ പ്രതിഷേധം. വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ ദിവസേന പ്രതിഷേധം നടത്തും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. സമരവേദികളില്‍ നിന്ന് ദിവസേന ഇരൂന്നൂറ് കര്‍ഷകര്‍ രാജ്പഥിന് സമീപം ഉപരോധം നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് പോകരുതെന്നും സമരവേദി മാറ്റണം എന്നും ഡല്‍ഹി പൊലീസ് ആഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവ പ്രധാന കര്‍ഷക നേതാക്കളുമായി സിംഘുവില്‍ കൂടിക്കാഴ്ച നടത്തി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജന്തര്‍മന്തറിലേക്ക് സമരവേദി മാറ്റണമെന്ന് ആഭ്യര്‍ത്ഥിച്ചു. ഇതോടെ കര്‍ഷക നേതാക്കള്‍ സിംഘുവില്‍ അടിയന്തര കോര്‍കമ്മറ്റി ചേര്‍ന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്.

Top